സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 18,500 കോടി രൂപയുടെ മദ്യം; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 18,500 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാർച്ച് 31 മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ 18,500 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 16,100 കോടി രൂപ സർക്കാരിന് ലഭിച്ചു. ബാക്കിയുള്ള 2,400 കോടിയിലാണ് മദ്യക്കമ്പനികൾക്കു നൽകിയതും, ബെവ്‌കോയുടെ ലാഭവിഹിതവും ഉൾപ്പെടുന്നത്.

റം ആണ് സംസ്ഥാനത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. ബ്രാൻഡിയാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനം നേടിയത്. അതേസമയം, സംസ്ഥാനത്ത് വൈനിന്റെ വിൽപനയിൽ ഇടിവുണ്ടായിട്ടുണ്ട്. വിൽപന നികുതി 112 ശതമാനത്തിൽ നിന്നും 86 ആക്കി കുറച്ചതോടെ വൈനിന്റെ വില കുറഞ്ഞെങ്കിലും വിൽപ്പന അധികം നടന്നില്ല. 4200 കെയ്‌സ് വൈൻ മാത്രമാണ് സംസ്ഥാനത്ത് വിറ്റുപോയത്.

ചൂടുകാലത്ത് ബീയറിന്റെ വിൽപ്പനയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിനം 12,000 കെയ്‌സ് ബീയർ വരെ വിറ്റുപോയിട്ടുണ്ട്.