ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ ലഭിക്കുന്നില്ല; ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തയച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാവശ്യപ്പെട്ടാണ് സഹോദരൻ വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉയർത്തുന്നുണ്ട്. നിലവിൽ ഉമ്മൻചാണ്ടി ചികിത്സയിൽ കഴിയുന്ന ബാംഗ്ലൂർ എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണം. ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് അലക്‌സ് വി ചാണ്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും മെഡിക്കൽ ബോർഡിന് രൂപം നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗ്ലൂരുവിലേക്ക് മാറ്റിയത്.