ഭക്തർക്ക് ഹെലികോപ്റ്ററിൽ ഇരുന്ന് അയോധ്യ നഗരവും സരയൂ നദിയും കാണാം; സർവീസ് ആരംഭിച്ച് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്

ന്യൂഡൽഹി: ഭക്തർക്ക് ഹെലികോപ്റ്ററിൽ ഇരുന്ന് അയോധ്യ നഗരവും സരയൂ നദിയും കാണാൻ കഴിയുന്ന ഹെലികോപ്റ്റർ സർവീസ് ആരംഭിച്ച് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. അയോധ്യയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാമനവമി ദിനത്തിലാണ് ഏരിയൽ വ്യൂ സർവീസിന് തുടക്കമിട്ടത്. 15 ദിവസത്തേക്കാണ് സർവീസ് നടത്തുക. 3,000 രൂപയാണ് ഒരാൾക്ക് ഫീസായി നൽകേണ്ടത്.

അയോധ്യയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അയോധ്യയിലെ സരയൂ ഗസ്റ്റ് ഹൗസിൽ നിന്നാണ് പദ്ധതി ആരംഭിച്ചത്.

വിനോദസഞ്ചാരികൾക്കും ഭക്തജനങ്ങൾക്കും ഏഴോ എട്ടോ മിനിറ്റ് വിമാനത്തിൽ അയോധ്യ നഗരത്തിന്റെയും സരയുവിന്റെയും ആകാശ കാഴ്ച നൽകുന്നതാണ് പദ്ധതി. നിലവിൽ 15 ദിവസത്തേക്കാണ് സേവനമെങ്കിലും ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഹെലികോപ്റ്റർ സവാരികളുടെ സമയം ദീർഘിപ്പിക്കുകയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.