കേരളത്തില്‍ തീരശോഷണം സംഭവിച്ച 13 ബീച്ചുകളില്‍ ആറും തിരുവനന്തപുരത്ത്; പഠന റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തില്‍ തീരശോഷണം സംഭവിച്ച പതിമൂന്ന് ബീച്ചുകളില്‍ ആറും തിരുവനന്തപുരം ജില്ലയിലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. കേരളം ഉള്‍പ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും ബീച്ചുകളില്‍ 1990 മുതല്‍ 2021 വരെയുള്ള കാലയളവാണു പഠനവിധേയമാക്കിയത്.

അതേസമയം, കേരളത്തിലെ ഒന്‍പതു ബീച്ചുകളില്‍ തീരം വര്‍ധിക്കുന്നതായും 13 ബീച്ചുകളില്‍ തീരം ഇടിയുന്നതായും കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ബീച്ചിലാണ് ഏറ്റവുമധികം പുതിയ തീരം ഉണ്ടായത് (9,13,318 ചതുരശ്ര മീറ്റര്‍). കണ്ണൂര്‍ ജില്ലയിലെ മീങ്കുന്നു ബീച്ചാണു രണ്ടാമത് (5,45,923 ചതുരശ്രമീറ്റര്‍). എന്നാല്‍, തീരശോഷണം പ്രധാനമായും സംഭവിച്ചതു തൃശൂര്‍ ജില്ലയിലെ സ്നേഹതീരം ബീച്ചിലാണ് (7,31,778 ചതുരശ്ര മീറ്റര്‍).

ആലപ്പുഴ ബീച്ചിലും കോഴിക്കോട്ടെ കാപ്പാട് ബീച്ചിലും ചിലയിടങ്ങളില്‍ തീരം വളരുകയും മറ്റു ചിലയിടങ്ങളില്‍ ഇടിയുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ 22 ബീച്ചുകളിലെ സ്ഥിതിയാണ് എന്‍സിഎസ്സിഎം പഠനത്തിനായി ഉപയോഗിച്ചത്.