ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകും; ഐഎംഎഫ് മേധാവി

ന്യൂഡൽഹി: ഇന്ത്യയെയും ചൈനയെയും പ്രശംസിച്ച് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിവ. ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്ന് ക്രിസ്റ്റലിന വ്യക്തമാക്കി. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും സ്പ്രിംഗ് മീറ്റിംഗുകൾക്ക് മുന്നോടിയായാണ് ക്രിസ്റ്റലീനയുടെ പരമാർശം.

2023 ലെ ആഗോളവളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഎഫ് മേധാവി അഭിപ്രായപ്പെട്ടു. ആഗോള സമ്പദ് വ്യവസ്ഥ ഈ വർഷം മൂന്നുശതമാനത്തിൽ താഴെ വളർച്ച കൈവരിക്കും. യുക്രൈനിനിലെ റഷ്യൻ അധിനിവേശവും കോവിഡ് പകർച്ച വ്യാധിയെയും തുടർന്ന് കഴിഞ്ഞ വർഷം ലോക സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യം ഈ വർഷവും തുടരും. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം 2022ലെ ആഗോള വളർച്ച ഏകദേശം പകുതിയായി കുറഞ്ഞുവെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി.

മന്ദഗതിയിലുള്ള വളർച്ചാ നിരക്ക് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുന്നത്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പിടിച്ചുനിൽത്താൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. ദാരിദ്ര്യവും പട്ടിണിയും ഇനിയും വർദ്ധിച്ചേക്കാമെന്നും ക്രിസ്റ്റലീന മുന്നറിയിപ്പ് നൽകി.