കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറി; അനിൽ ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും അച്ഛൻ എ കെ ആന്റണിയോടാണ്. അച്ഛൻ, അമ്മ, സഹോദരൻ, താൻ അങ്ങനെ വീട്ടിൽ തങ്ങൾ നാല് പേരാണ്. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. എങ്കിലും അച്ഛനോടാണ് തനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ളത്. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ലെന്നും ആശയപരമായ വ്യത്യാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ജനിച്ചത് ഒരു കോൺഗ്രസ് കുടുംബത്തിലാണ്. കോൺഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളർന്നത്. എന്നാൽ, അന്നത്തെ കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കോൺഗ്രസ് പാർട്ടി രാജ്യ താല്പര്യങ്ങളെക്കാൾ കൂടുതൽ രണ്ട്, മൂന്ന് വ്യക്തിക്കളുടെ താൽപര്യങ്ങളിൽ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നത്. ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളത്. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു. എന്നാൽ, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.