ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ചിലർ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ 44-ാമത് സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ആഘോഷ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപിയ്ക്ക് മുന്നിൽ അസാധ്യമെന്ന വാക്കില്ല. ബിജെപി ഇനിയും അധികാരത്തിൽ വരില്ലെന്ന് കരുതുന്നവർക്ക് ജനങ്ങൾ മറുപടി നൽകും. കോൺഗ്രസിന്റെ കുടുംബവാഴ്ച സമ്പ്രദായം രാജ്യത്ത് കാലഹരണപ്പെട്ടു. പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷം നിസഹായരായി കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം തന്നെ മോശക്കാരനാക്കാൻ നിരന്തരം ശ്രമിക്കുന്നു. ആ ഗൂഢാലോചന ഫലിക്കില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി നിൽക്കുന്നുവെന്നത് കോൺഗ്രസിന്റെ കാപട്യമാണ്. സ്ത്രീകളെ അടിച്ചമർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ, ബിജെപി കോൺഗ്രസിനെ ശാക്തീകരിക്കുന്നു. അൽപ ചിന്തയും, ചെറിയ സ്വപ്നങ്ങളുമേ കോൺഗ്രസിനുള്ളു. ബിജെപിയുടേത് സാമൂഹിക സൗഹാർദ്ദമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

