ന്യൂഡല്‍ഹി: മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷം റിപ്പോ നിരക്ക് വര്‍ധനയില്‍ തീരുമാനമായി. നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മുന്‍കാല നിരക്ക് വര്‍ദ്ധനയുടെ നടപടി ഇപ്പോള്‍ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ബിഐ 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറില്‍, 35 ബിപിഎസ് വര്‍ദ്ധനവും 2022 ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളില്‍ 50 ബിപിഎസ് വീതവും വര്‍ദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആര്‍ബിഐ ഉയര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആഗോള തലത്തില്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് അനുസൃതമായി, പണപ്പെരുപ്പം കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആര്‍ബിഐക്ക് നിരക്ക് വര്‍ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.
അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

