തിരുവനന്തപുരം: ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതുമായി ബന്ധപ്പെട്ട ഹർജി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കാൻ വീണ്ടും മൂന്നംഗ ബെഞ്ച് രൂപീകരിക്കാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ലോകായുക്തയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹർജിയുമായി ലോകായുക്തയെ സമീപിച്ചത്. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് 2019ലാണ് ആർ.എസ്.ശശികുമാർ ലോകായുക്തയിൽ ഹർജി സമർപ്പിച്ചത്. 2019 ജനുവരിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം ഹർജി നിലനിൽക്കുന്നതാണെന്നു കണ്ടെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നിട്ടുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ലോകായുക്ത വിധി പ്രഖ്യാപിച്ചിരുന്നു. അതിനെ അവഗണിച്ചാണ് ഹർജി പരിശോധിക്കാൻ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതെന്നും രാജ്യത്തെ നിയമ സംവിധാനത്തെ പാടെ തകർക്കുന്ന നടപടിയാണെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.

