ഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടെത്തി സമര്‍പ്പിച്ച അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം, കര്‍ണാടകയിലെ കോലാറില്‍ വച്ച് 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി കേസിനാധാരമായ പ്രസംഗം നടത്തിയത്. മോദിയെന്ന പേര് കള്ളന്മാര്ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമര്‍ശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
ഇതേത്തുടര്‍ന്നാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷയും 15000 രൂപ പിഴയും വിധിച്ചത്. അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശവും കോടതി നല്‍കിയിരുന്നു.

