ന്യൂഡൽഹി: കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം ഇടപെടലുമായി കേന്ദ്ര സർക്കാർ. ആക്രമണത്തിന്റെ വിശദാംശങ്ങൾ കേരളത്തിൽ നിന്ന് തേടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ആക്രമണം ആസൂത്രമാണെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തും.
സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് രംഗത്തെത്തി. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. അതേസമയം, ട്രെയിനിൽ അക്രമം നടത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

