കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതിനെതിരെ എം.കെ രാഘവന് എംപി.
‘മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് മോശമായിപ്പോയി. മുരളീധരനെ ന്യായമായും സംസാരിക്കാന്‍ വിളിക്കേണ്ടതായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു നേതൃത്വമാണ് നമുക്കാവശ്യമെന്നും’ രാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹത്തെപ്പോലുള്ളൊരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ എല്ലാവര്ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കിയെന്നും തനിക്ക് മാത്രം നല്‍കിയില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം. ‘എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാന്‍ അവസരം കൊടുത്തു, എനിക്ക് മാത്രം നല്‍കിയില്ല. അത് അവഗണനയാണ്, കാരണം അറിയി. വീക്ഷണം സപ്ലിമെന്റിലും എന്റെ പേരില്ല. ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. സ്വരം നന്നാകുമ്ബോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയാറാണ്. പാര്‍ട്ടിയാണ് ഈ സ്ഥാനങ്ങളിലൊക്കെ എന്നെ എത്തിച്ചത്. ആ പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതി എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് കെ.സി വേണുഗോപാലിനോടും കെ. സുധാകരനോടും പറഞ്ഞിട്ടുണ്ട്’-മുരളീധരന് നേരത്തെ വ്യക്തമാക്കിയിരുന്നു.

