വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാതെ മാറി നിന്നത് ശരിയായില്ല; എൻഎസ്എസ് നേതൃത്വത്തിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എൻഎസ്എസ് നേതൃത്വത്തിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനാണ് വെള്ളാപ്പള്ളി എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. എൻഎസ്എസ് ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും വിട്ടു നിന്നത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യധാരയിൽ നിന്നും മാറി നിന്നത് ശരിയായില്ല. നേതൃത്വത്തിന്റെ അഭിപ്രായത്തോട് എൻഎസ്എസ് അനുയായികൾ യോജിക്കുന്നവരാണെന്ന് കരുതുന്നില്ല. നേതൃത്വത്തിൽ നിൽക്കുന്നവർ മാടമ്പിത്തരം കാണിക്കുന്നു എന്നു കരുതി നായർ സഹോദരന്മാരുടെ എല്ലാവരുടെയും നിലപാട് അങ്ങനെയാകില്ല. കാലചക്രത്തെ പിന്നോട്ട് നയിക്കുന്ന എൻഎസ്എസ് നേതൃത്വം കാലഹരണപ്പെട്ടതാണ്. ഇവർ മാറി നിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.