ഏപ്രില് 1 മുതല് 27 തരം ചികിത്സകള്ക്കുള്ള 900 ത്തോളം മരുന്നുകളുടെ വിലയില് ഏകദേശം 12 ശതമാനം വര്ധനവാണ് ഉണ്ടാവുക. കഴിഞ്ഞ ഒരുവര്ഷത്തിനിടെ പ്രമേഹം, രക്തസമ്മര്ദ്ദം, സന്ധിവാതം, കാന്സര് എന്നിവയ്ക്കുള്ള പ്രത്യേക മരുന്നുകളുടെ വിലയാണ് ഏറ്റവും കൂടുതല് വര്ധിച്ചതെന്നാണ് റിപ്പോര്ട്ടുകള്. മരുന്ന് വ്യാപാരികളുടെ മാര്ജിന് 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയില് കേന്ദ്രസര്ക്കാര് പരിമിതപ്പെടുത്തണമെന്ന് സര്വേയില് പങ്കെടുത്ത ഭൂരിഭാഗം ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.
അതേസമയം, വാര്ഷിക മൊത്തവില സൂചികയിലെ (ഡബ്ല്യുപിഐ) മാറ്റത്തിന് അനുസൃതമായി മാര്ച്ച് 27 ന് നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിംഗ് അതോറിറ്റി (എന്പിപിഎ) ഏപ്രില് ഒന്ന് മുതല് ഏകദേശം 900ത്തോളം ഷെഡ്യൂള് ചെയ്ത മരുന്നുകളുടെ വില വര്ദ്ധിപ്പിക്കാന് മരുന്ന് നിര്മ്മാതാക്കളെ അനുവദിച്ചിട്ടുണ്ട്. വേദനസംഹാരികള്, ആന്റി-ഇന്ഫെക്റ്റീവ്സ്, കാര്ഡിയാക് മരുന്നുകള്, ആന്റിബയോട്ടിക്കുകള് എന്നിവയുള്പ്പെടെ ഷെഡ്യൂള് ചെയ്ത മരുന്നുകള് അവശ്യ മരുന്നുകളില് പെടുന്നവയാണ്. കോവിഡ്, റഷ്യ-ഉക്രെയ്ന് യുദ്ധം എന്നിവ ഉള്പ്പെടെ അവശ്യമരുന്നുകള്ക്കുള്ള അസംസ്കൃത വസ്തുക്കളുടെയോ സജീവ ഫാര്മസ്യൂട്ടിക്കല് ചേരുവകളുടെയോ (എപിഐ) വിതരണത്തെ തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ചതും വില വര്ദ്ധനവിന് കാരണമായി. പനി, ചുമ, തലവേദന, കണ്ണിനുള്ള തുള്ളി മരുന്നുകള്, വിറ്റാമിനുകള് എന്നിവയ്ക്കുള്ള ജനറല് മരുന്നുകള്ക്കായി കൂടുതല് പണം നല്കേണ്ടി വരുന്നതായി പല ഉപഭോക്താക്കളും പറയുന്നു. അലോപ്പതി മരുന്നുകള്ക്ക് മാത്രമല്ല, ആയുര്വേദ മരുന്നിനും ഹോമിയോപ്പതിക്കും ചെലവേറുകയാണ്.
മരുന്നുകളുടെ വില്പന മാര്ജിനില് സര്ക്കാര് പരിധി നിശ്ചയിച്ചാല് എംആര്പികള് ന്യായവിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവില് അമിത നിരക്ക് ഈടാക്കുന്ന നിരവധി മരുന്നുകളുടെ വില കുറയാനും സാധ്യതയുണ്ട്.

