കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്വമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്വമില്ലെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ധനവകുപ്പ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് കോർപ്പറേഷനാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് കെ എസ്ആർടിസി. കാര്യക്ഷമമല്ലാത്ത കോർപ്പറേഷനു കീഴിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യതയില്ലെന്നും സർക്കാർ പറയുന്നു. കോർപ്പറേഷൻ കാര്യക്ഷമമാക്കാൻ വേണ്ടി സർക്കാർ ചില പരിഷ്‌ക്കരണങ്ങൾ മുന്നോട്ട് വച്ചെങ്കിലും ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായിട്ടില്ല.

അതേസമയം, ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി നടപടി സ്വീകരിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായർക്കാണ് സ്ഥലംമാറ്റം. പാലായിലേക്കാണ് അഖിലയെ സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില പ്രതിഷേധം നടത്തിയത്. സർക്കാരിനെയും കെഎസ്ആർടിസിയെയും അഖിലയുടെ നടപടി അപകീർത്തിപ്പെടുത്തുന്നതാണെന്ന് സ്ഥലമാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.