കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ ജനങ്ങൾക്കുള്ള മികച്ച അവസരമാണ് അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്; അനിൽ ആന്റണി

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ആന്റണിയുടെ മകനും പാർട്ടിയുടെ ഡിജിറ്റൽ വിഭാഗം മുൻ മേധാവിയുമായ അനിൽ ആന്റണി. കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ ജനങ്ങൾക്കുള്ള മികച്ച അവസരമാണ് അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മൃതി ഇറാനിയ്ക്ക് അദ്ദേഹം പരസ്യ പിന്തുണ അറിയിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് സ്മൃതിയെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് അനിൽ രംഗത്തെത്തിയത്. കോൺഗ്രസ് നേതാക്കൾ സംസ്‌കാരമില്ലാത്തവർ എന്നായിരുന്നു ഇതിനെതിരെയുള്ള അനിലിന്റെ പ്രതികരണം.

സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന വനിതാ നേതാവാണ് സ്മൃതി ഇറാനി. സ്മൃതിയെപ്പോലുള്ളവരെ ഇകഴ്ത്തുകയും അവഹേളിക്കുകയും ചെയ്യുന്നതാണോ കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും അദ്ദേഹം ചോദിക്കുന്നു. ദേശീയ താൽപ്പര്യത്തിനായി കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല. കോൺഗ്രസ് ഏതാനും ചിലരെ മാത്രം വളർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതോടെ അനിൽ ആന്റണി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.