ബീജീങ്: നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയില്‍ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. വിദേശികള്‍ ഒഴികെ, ചൈനയിലെ ജനസംഖ്യയില്‍ 2022ല്‍ 850,000 പേര്‍ കുറഞ്ഞ് 1.41 ബില്യണായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ അറിയിച്ചു.
രാജ്യത്ത് 2021 അവസാനത്തോടെ ചൈനയിലെ ജനസംഖ്യ 480,000 വര്‍ധിച്ച് 1.41 ബില്യണ്‍ ആയി ഉയര്‍ന്നു. 2020ല്‍ ജനനനിരക്ക് 20 ശതമാനവും 2021ല്‍ 13ശതമാനവും കുറഞ്ഞിരുന്നു. 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12 നും ഇടയില്‍ ചൈനീസ് ആശുപത്രികളില്‍ 60,000 ത്തോളം ആളുകള്‍ കൊവിഡ് -19 ബാധിച്ച് മരിച്ചതായി ആരോഗ്യ അധികാരികള്‍ വെളിപ്പെടുത്തിയിരുന്നു. കണക്കുകള്‍ പ്രകാരം 2022-ല്‍ ചൈനയില്‍ 9.56 ദശലക്ഷം ജനനങ്ങള്‍ നടന്നപ്പോള്‍ 10.41 ദശലക്ഷം ആളുകള്‍ മരിച്ചു. ആയുര്‍ദൈര്‍ഘ്യത്തിലെ ഉയര്‍ച്ചയോടൊപ്പം ജനസംഖ്യ കുറയുന്നത് ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്ക് മാത്രമല്ല, ലോകത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യുവാക്കളുടെ എണ്ണത്തില്‍ കുറവു വരികയും വൃദ്ധജനസംഖ്യയില്‍ ഉയര്‍ച്ചയുണ്ടാകുകയും ചെയ്യുമെന്നതാണ് ഇവിടത്തെ പ്രധാന ആശങ്ക. അങ്ങനെ വന്നാല്‍ ചൈന ഉല്‍പാദന രംഗത്ത് വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ചൈനയുടെ ജനസംഖ്യയിലെ ഇടിവ് ആഗോള തലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജനനനിരക്ക് കുറയ്ക്കാന്‍ ചൈനീസ് ഭരണകൂടം ഏറെക്കാലമായി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ജനസംഖ്യ കുറക്കുന്നത് രാജ്യത്തെ ആകെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന പഠനങ്ങള്‍ വന്നതോടെ തിരുത്തുകയായിരുന്നു.

