തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇഷ്ടമുള്ളവർക്കു സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല നൽകാമെന്ന് രാജ്ഭവൻ. ഇക്കാര്യം വ്യക്തമാക്കി രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. ഡിജിറ്റൽ സർവകലാശാല വി സി ഡോ സജി ഗോപിനാഥിനും ചുമതല നൽകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ തിരിച്ചടി നേരിട്ടതോടെയാണ് ഗവർണറുടെ നിലപാട് മാറ്റം.
സജി ഗോപിനാഥിന് താത്ക്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതു തള്ളുകയും അദ്ദേഹത്തിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു. സജി ഗോപിനാഥിനെ സ്ഥാനത്തുനിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസും ഗവർണർ അയച്ചിരുന്നു.
കേരളാ ഹൈക്കോടതിയിൽ നിന്നും ഗവർണർക്ക് നിരന്തരമായി തിരിച്ചടി നേരിട്ടിരുന്നു. ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസി ചുമതലയിൽനിന്നു വിരമിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് രാജ്ഭവൻ കത്തു നൽകിയിരിക്കുന്നത്. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

