ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
‘കോടതി വിധിയുടെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത. മേല്‍ക്കോടതികളുണ്ട്. ലക്ഷദ്വീപ് എം.പി.യുടെ കാര്യത്തില്‍ അയോഗ്യതയ്ക്കുശേഷം കീഴ്ക്കോടതിവിധി ഹൈക്കോടതി റദ്ദാക്കിയതു കണ്ടതാണ്. വയനാട്ടിലെ കാര്യവും കാത്തിരുന്നുകാണാം. എന്തായാലും അവിടെ പ്രധാനപോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായിരിക്കും. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി നല്‍കുന്നത് വിഷയാധിഷ്ഠിത പിന്തുണയാണ്. ജനാധിപത്യ വിരുദ്ധമായ ഏതു വിഷയത്തിലും സി.പി.എമ്മിന് അതേ നിലപാടായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷസഖ്യമുണ്ടാകുമെന്നു പറയാനാകില്ല. സംസ്ഥാന തലത്തില്‍ ബി.ജെ.പിക്കെതിരേ പ്രാദേശിക സാഹചര്യമനുസരിച്ച് സഹകരിച്ചു പ്രവര്‍ത്തിക്കും. പ്രതിപക്ഷ ഐക്യമെന്നപേരില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ബി.ജെ.പി.യെ സഹായിക്കുകയാണ്’- യെച്ചൂരി ചൂണ്ടിക്കാട്ടി.
അതേസമയം, കേരളത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും ഇടതുസര്‍ക്കാരിനെ ഒരേപോലെ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും പി.ബി. യോഗം വിലയിരുത്തി. കേരളത്തിലെ ജനങ്ങള്‍ ഇതിന് തക്ക മറുപടിനല്‍കുമെന്നും പി.ബി പ്രസ്താവനയില്‍ വ്യക്തമായി.

