ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഷർജിൽ ഇമാം ഉൾപ്പെടെ 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയിൽ മാറ്റം വരുത്തി ഡൽഹി ഹൈക്കോടതി. കേസിലെ 9 പ്രതികൽക്കെതിരെ കലാപം, അനധികൃത സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിക്കാനോ സമാധാനം തകർക്കാനോ ആർക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കേസിൽ ആസിഫ് തൻഹയ്ക്ക് എതിരെയുള്ള ചില കുറ്റങ്ങൾ കോടതി ഒഴിവാക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയായിരുന്നു ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. ജെഎൻയു വിദ്യാർത്ഥികളായ ഷർജിൽ ഇമാം ഉൾപ്പെടെയുള്ള 11 പ്രതികളെയാണ് കേസിൽ വിചാരണ കോടതി വെറുതെ വിട്ടത്. ഡൽഹി പോലീസാണ് വിചാരണ കോടതി വിധിക്കെതിരെ ഡൽി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

