കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിക്കപ്പെട്ട അഞ്ചംഗ ഉന്നതാധികാര സമിതി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ തുടങ്ങിയ സ്ഥലങ്ങളിലാണ് സമിതി സന്ദർശനം നടത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിർദേശ പ്രകാരമുള്ള രാജ്യാന്തര വിദഗ്ധരുടെ സുരക്ഷാ പരിശോധന നടത്തണമെന്നാണ് ഉന്നതാധികാര സമിതി യോഗത്തിൽ കേരളം ഉന്നയിച്ച ആവശ്യം. അണക്കെട്ട് സുരക്ഷിതമാണെന്ന് സമിതി റിപ്പോർട്ട് നൽകിയതിനാൽ ഇനി പരിശോധനകൾ വേണ്ടെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ വിജയ് സരൺ ആണ് സമിതിയുടെ ചെയർമാൻ. കേരളത്തിന്റെ ജലസേചന വകുപ്പ് സെക്രട്ടറി ഡോ വി വേണു, ചീഫ് എൻജിനീയർ അലക്‌സ് വർഗീസ്, തമിഴ്നാട് ജലസേചന വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ സുബ്രഹ്മണ്യം തുടങ്ങിയവരാണ് സമിതിയിലുള്ളത്. കേരളത്തിന്റെ ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, അന്തർ സംസ്ഥാന ജലസേചന വകുപ്പ് ചീഫ് എൻജിനീയർ പ്രിയേഷ്, കെ.എസ്.ഇ.ബി ഉപദേശക സമിതി അംഗം ജയിംസ് വിൽസൺ, തമിഴ്നാടിന്റെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും സമിതി അംഗങ്ങളോടൊപ്പം അണക്കെട്ടിൽ സന്ദർശനം നടത്തിയത്.
പ്രധാന അണക്കെട്ടിലും പരിസരത്തും അടുത്തിടെ തമിഴ്നാട് സ്ഥാപിച്ച ഉപകരണങ്ങളും സമിതി വിലയിരുത്തി. ബേബി ഡാമിനു പിന്നിലെ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് സമിതി ചെയർമാനോട് തമിഴ്നാട് ആവശ്യപ്പെട്ടു. അണക്കെട്ടിലേക്ക് കടുവ സങ്കേതത്തിനുള്ളിലൂടെയുള്ള റോഡ് ഉടൻ പുതുക്കിപ്പണിയുക, ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും തമിഴ്‌നാട് മുന്നോട്ടുവെച്ചിട്ടുണ്ട്.

