ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. രാഹുലിന് ഒരിക്കലും സവർക്കർ ആകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്നേഹവും ആവശ്യമായതിനാൽ രാഹുലിന് തന്റെ മികച്ച സ്വപ്നങ്ങളിൽ പോലും സവർക്കറാകാൻ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മാപ്പ് പറയാൻ ഞാൻ സവർക്കറല്ല എന്നുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
സവർക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയ കത്തും താക്കൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ സവർക്കറുടെ ധീരമായ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അതിന്റേതായ സുപ്രധാന സ്ഥാനമുണ്ടെന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ കത്തിൽ പറഞ്ഞിട്ടുള്ളത്. ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികൾക്ക് വിജയാശംസകൾ നേരുന്നുവെന്നും ഈ കത്തിലുണ്ട്. 1980 മെയ് 20നാണ് ഇന്ദിരാ ഗാന്ധി ഈ കത്ത് അയച്ചത്.
അതേസമയം, സവർക്കറെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയ്ക്ക് മുന്നറിയിപ്പ് നൽകി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നുമാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. അത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

