ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചു; ഹെെബി ഈഡനെയും ടി എൻ പ്രതാപനെയും സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ കോൺഗ്രസ് എം പിമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരാണ് ലോക്സഭയിൽ വച്ച് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇവരെ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കർ നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് സൂചന. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.