‘നായ്ക്കളെ വളര്‍ത്തിക്കോളൂ, പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്’

തിരുവനന്തപുരം: നഗരസഭ തയ്യാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പി. ടി. പി നഗറില്‍ പ്രവര്‍ത്തിക്കുന്ന നായ വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

അതേസമയം, നഗരസഭ തയ്യാറാക്കിയ നിയമത്തിലെയും സര്‍ക്കുലറിലെയും വ്യവസ്ഥകള്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ കൃത്യമായി പാലിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍, വന്ധ്യംകരണം തുടങ്ങിയ കാര്യങ്ങള്‍ ഉടമസ്ഥര്‍ ഉറപ്പാക്കണം. നഗരസഭ തയ്യാറാക്കുന്ന നിയമാവലി എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും കമ്മീഷന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, നഗരസഭ തയ്യാറാക്കുന്ന പുതിയ നിയമാവലിയില്‍ ഭൗതിക സാഹചര്യമുണ്ടെങ്കില്‍ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാള്‍ക്ക് 5 നായ്ക്കളെ വളര്‍ത്താം. തെരുവു നായക്കളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്ക് ഹോം ബേഡ്‌സ് ഷെല്‍ട്ടര്‍ എന്ന രീതിയില്‍ ലൈസന്‍സ് നല്‍കും. വീടിനടുത്തുള്ള തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന സര്‍ക്കുലര്‍ നിലവിലുണ്ട്. മേരി മാമ്മന്‍ പി. ടി. പി. നഗറില്‍ നടത്തുന്ന പട്ടിവളര്‍ത്തല്‍ കേന്ദ്രം കാരണം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പി. ടി. പി. നഗറിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷനും വന്ധ്യംകരണവും നടത്തും’- നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിച്ചു.