പ്രേക്ഷകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടും; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രേക്ഷകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നസെന്റിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഞായറാഴ്ച രാത്രി 10.30നാണ് മലയാളത്തിലെ പ്രമുഖ നടന്മാരിലൊരാളായ ഇന്നസെന്റ് അന്തരിച്ചത്. എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങൾ മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരമായിരുന്നു.