സംസ്ഥാന പോലീസ് മേധാവി: പുതിയ പട്ടിക ഈയാഴ്ച സമര്‍പ്പിക്കും

തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെയും പേരുകളടങ്ങുന്ന പട്ടിക ഈയാഴ്ച കേന്ദ്രത്തിന് സമര്‍പ്പിക്കും. ഇതില്‍ നിന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ തയ്യാറാക്കിയ പാനല്‍ സംസ്ഥാനത്തിന് നല്‍കും. തുടര്‍ന്ന് ഒരാളെ സര്‍ക്കാരിന് പോലീസ് മേധാവിയാക്കാം.

എ.ഡി.ജി.പി. കെ. പത്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഡോ. ഷേക്ക് ദര്‍വേശ് സാഹേബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ വിനോദ് കുമാര്‍, കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി. സഞ്ജീബ് കുമാര്‍ പട്ജോഷി, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. യോഗേഷ് ഗുപ്ത, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സി.ആര്‍.പി.എഫ്. സ്‌പെഷ്യല്‍ ഡയറക്ടര്‍ നിഥിന്‍ അഗര്‍വാള്‍, ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍മാരായ ഹരിനാഥ് മിശ്ര, റവാഡ ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത്.

എന്നാല്‍, മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പി. ടോമിന്‍ തച്ചങ്കരി, അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ, എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുടെ നേതൃത്വം വഹിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹ എന്നിവര്‍ പട്ടികയില്‍ ഇല്ല. അതേസമയം, ജൂണ്‍ 30-നാണ് നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് വിരമിക്കുന്നത്.