ശബരിമല: ശബരി മലയില്‍ പൈങ്കുനി ഉത്രം മഹോത്സവത്തിന് തുടക്കം കുറിച്ചു. ക്ഷേത്ര തന്ത്രി താഴമണ്‍ മഹേഷ് മോഹനരര് ഇന്ന് രാവിലെ 9.45നും 10.45നുമിടയിലെ മുഹൂര്‍ത്തത്തില്‍ ഉത്സവത്തിന് കൊടിയേറ്റി.
ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കുഞ്ചാച്ചമന്‍ സമിതി എത്തിച്ച കൊടിക്കൂറയും കൊടിക്കയറും നടയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് മേല്‍ശാന്തി കെ.ജയരാമന്‍ നമ്ബൂതിരി നടതുറന്ന് ശ്രീലകത്ത് ദീപങ്ങള്‍ തെളിച്ചു. ആറിന് ഉത്സവത്തിന് മുന്നോടിയായി ശുദ്ധിപൂജകളും നടന്നു.
അതേസമയം, നാളെ മുതല്‍ ഏപ്രില്‍ നാലുവരെ ഉത്സവബലി, ശ്രീഭൂതബലി പൂജകളുണ്ടാകും. പതിവ് പൂജകളും വിശേഷാല്‍ പൂജകളും ദിവസവുമുണ്ടാകും. മാര്‍ച്ച് 31ന് വൈകിട്ട് അഞ്ചിന് വിളക്കിനെഴുന്നള്ളത്ത് ആരംഭിക്കും. ഏപ്രില്‍ 4ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും പള്ളിവേട്ടയും നടക്കും. അഞ്ചിന് രാവിലെ ഒന്‍പതിന് പമ്ബയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ടിനു ശേഷം ഉച്ചയോടെ പമ്ബാ ഗണപതി കോവിലില്‍ ദര്‍ശനത്തിനായി എഴുന്നള്ളിച്ച് ഇരുത്തും. ഈ സമയം ഭക്തര്‍ക്ക് തിരുമുമ്ബില്‍ പറ വഴിപാട് സമര്‍പ്പിക്കാം. തുടര്‍ന്ന് സന്നിധാനത്തേക്ക് തിരിച്ച് എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് സന്നിധാനത്ത് എത്തുന്നതോടെ ഉത്സവത്തിന് സമാപനമാകും.

