ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിൽ പ്രതികരണവുമായി ശശി തരൂർ. മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ചതും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും രാഷ്ട്രീയ നേട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ അയോഗ്യതാ നടപടി അപ്രതീക്ഷിതമായ പ്രതിപക്ഷ ഐക്യം കൊണ്ടുവന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിക്ക് കാരണമായ ആരോപണം അസംബന്ധമാണ്. സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായികളായ ലളിത് മോദിയും നീരവ് മോദിയും പിന്നാക്കക്കാരാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇവർ പിന്നാക്കക്കാരാണെന്നും ഒബിസി വിഭാഗത്തെ അപമാനിച്ചെന്നുമാണ് രാഹുലിനെതിരായ ആരോപണം അനധികൃതമായി സമ്പാദിച്ചതെല്ലാം വിദേശത്ത് എത്തിച്ച് അവർ ആഡംബരമായി ജീവിക്കുകയാണെന്നും തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത് നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നീ മൂന്നു പേരെ മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു. രാഹുലിനെതിരായ നടപടിയെ തുടർന്ന് അപ്രതീക്ഷിത പ്രതിപക്ഷ ഐക്യം സാധ്യമായത് രജതരേഖയായി കണക്കാക്കാം. പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികൾ അവരവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിർപാർട്ടിയായി കണക്കാക്കുന്നവരാണ്. എന്നാൽ ഇക്കാര്യത്തിൽ അവർ തങ്ങൾക്ക് പിന്തുണ നൽകിയെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

