മലേഗാവ്: രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. വിനായക് സവര്‍ക്കറെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ സഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴാനും ഇത്തരം പരിഹാസങ്ങള്‍ കാരണമാകാം. സവര്‍ക്കര്‍ തന്റെ ആരാധനാ പാത്രമാണ്. അദ്ദേഹത്തെ പരിഹസിക്കുന്നതില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണം. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ 14 വര്‍ഷത്തോളം ചിന്തിക്കാന്‍ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണ് സവര്‍ക്കര്‍. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. അതൊരു തരം ത്യാഗം തന്നെയാണ്. സവര്‍ക്കറെ അപമാനിക്കുന്ന യാതൊരു പരാമര്‍ശവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. സവര്‍ക്കറെ അപമാനിക്കുന്നത് രാഹുല്‍ തുടര്‍ന്നാല്‍, അത് പ്രതിപക്ഷ ഐക്യത്തെത്തന്നെ ബാധിക്കും. പോരാട്ടത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെയുണ്ട്. പക്ഷേ ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് സഹിക്കില്ല. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ശിവസേനയിലെ ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുന്നതാണെന്നത് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവര്‍ക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുകയേ ഉള്ളൂ’- താക്കറെ ചൂണ്ടിക്കാട്ടി.
അതേസമയം, നരേന്ദ്ര മോദിയെന്നാല്‍ ഇന്ത്യയാണെന്ന് അര്‍ഥമില്ലെന്നും താക്കറെ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ജീവന്‍ ത്യജിച്ചത് ഇതിനു വേണ്ടിയാണോ? മോദിയെ ചോദ്യം ചെയ്യുന്നത് ഒരു വിധത്തിലും ഇന്ത്യയെ അപമാനിക്കുന്ന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

