ന്യൂഡൽഹി: പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതയിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
ചില പാർട്ടികൾ ‘ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ’ (അഴിമതിക്കാരനെ സംരിക്ഷിക്കുന്ന പദ്ധതി) ആരംഭിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേ വേദിയിൽ ഒത്തുചേരുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യ മഹത്തായ ഉയർച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണ്. ഡൽഹിയിലെ ഒരു പാർപ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനം ഉന്നയിച്ചത്.
ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറ ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുമ്പോൾ, ഏജൻസികൾ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിർ വിധി പറയുന്നതെങ്കിൽ അവയും ചോദ്യം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

