പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുൽ ഗാന്ധിയെ ഈ സ്ഥിതിയിൽ എത്തിച്ചത്; നടപടി ഭരണഘടനാപരമാണെന്ന് വി മുരളീധരൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുൽ ഗാന്ധിയെ ഈ സ്ഥിതിയിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെയുള്ള നടപടി ഭരണഘടനാപരമാണെന്നും അദ്ദേഹം അറിയിച്ചു.

ലോക്സഭയിൽ ചട്ടങ്ങളുണ്ടെന്നും അത് പ്രകാരമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി. പിന്നാക്ക സമുദായത്തോടും രാജ്യത്തെ ജനങ്ങളോടും രാഹുൽ ഗാന്ധി ക്ഷമാപണം നടത്തണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകത ഒന്നുമില്ലെന്നും സ്വാഭാവിക നടപടിയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.