ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ നിന്ന് രാഹുൽ പുറത്തായെങ്കിലും മുട്ടുമടക്കില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി മുതൽ എല്ലാ ബിജെപി നേതാക്കളും തനിക്കും കുടുംബത്തിനും നേരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
രാഹുലിനെതിരെയുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുള്ളത്. വിഷയത്തിൽ ശക്തമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജയിലിൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും ഇന്ത്യയ്ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽഗാന്ധി പ്രതികരിച്ചു.

