ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് മുഖ്യമന്ത്രി; കേരളത്തിന്റെ വികസനം ചർച്ച ചെയ്തു

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം ഇരുവരും ചർച്ച ചെയ്തു.

കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ഉപരാഷ്ട്രപതി താമസിയാതെ കേരളം സന്ദർശിക്കുമെന്നും പറഞ്ഞു. ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ആദ്യമായാണ് അദ്ദേഹത്തെ സന്ദർശിക്കുന്നത്.

ഉപരാഷ്ടപതിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. തെയ്യത്തിന്റെ ഒറ്റത്തടി ശിൽപവും അദ്ദേഹത്തിന് സമ്മാനമായി നൽകി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ എന്നിവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.