ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല; ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുള്ള ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധത്തിൽ ബ്രിട്ടൺ

ബ്രിട്ടൺ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിൽ പ്രതികരണവുമായി ബ്രിട്ടൺ. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലിയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഹൈക്കമ്മീഷനിലെ സുരക്ഷ അവലോകനം ചെയ്യാൻ മെട്രോപൊളിറ്റൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഹൈക്കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസവും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായി. ഖാലിസ്ഥാൻ പതാകകൾ വീശിയാണ് രണ്ടായിരത്തോളം പ്രതിഷേധക്കാർ ഹൈക്കമ്മീഷന് മുന്നിലേക്ക് എത്തിയത്. പിന്നാലെ പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തുകയും ചെയ്തു. ഇന്ത്യൻ ഹൈക്കമ്മിഷനുമുന്നിലെ ഇന്ത്യൻ പതാക ഢയാറാഴ്ച്ച നടന്ന പ്രതിഷേധത്തിൽ ഖാലിസ്ഥാൻ അനുകൂലികൾ നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെ അതേ സ്ഥലത്ത് ഉദ്യോഗസ്ഥർ വീണ്ടും ഇന്ത്യൻ പതാക സ്ഥാപിച്ചു. ഇത് പതിഷേധക്കാരെ കൂടുതൽ പ്രകോപിതരാക്കി.

സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമണം ബ്രിട്ടൺ വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർക്കുള്ള സുരക്ഷ ഇന്ത്യ പിൻവലിക്കുകയും ചെയ്തു.