രാഹുല്‍ ഗാന്ധി അയോഗ്യന്‍; സൂറത്ത് കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ്‌

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്ക് മേല്‍ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നടക്കുമെന്ന് സൂചന. സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല. എംപി എന്ന നിലയില്‍ അനുവദിച്ച ഓദ്യോഗിക വസതിയും രാഹുലിന് നഷ്ടമാകും.

അതേസമയം, രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ വിധിയുടെ പകര്‍പ്പ് രാജ്യസഭ, ലോക്‌സഭ, പ്രസിഡന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രധാനമന്ത്രിയുടെ ഓഫീസ്, ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരം കേരള എന്നിവര്‍ക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയച്ച് നല്‍കി.

സൂറത്ത് കോടതിയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്നുമുണ്ടാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഉടന്‍ ചേരും. നിയമപരമായി മുന്നോട്ട് പോകുന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.