ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ 250 കോടി മുതല്‍മുടക്കില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നതു സംബന്ധിച്ച് മിഡില്‍ ഈസ്റ്റ് റീട്ടെയ്ലര്‍ ഗ്രൂപ്പായ ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാര്‍ ഗ്രൂപ്പും തമ്മില്‍ ധാരണയിലെത്തി. ശ്രീനഗറിലെ സെംപോറയില്‍ എമാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്ന ‘മാള്‍ ഓഫ് ശ്രീനഗറി’ന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ വച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷന് ഓഫിസര്‍ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരായ എമാര്‍ ഉദ്ദേശിക്കുന്നത്. ഇവിടെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുക. കശ്മീരില്‍ നിന്നുള്ള 1,500 ഓളം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് രജിത് രാധാകൃഷ്ണന് പറഞ്ഞു. ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപമാണു നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി പറഞ്ഞു.
അതേസമയം, ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് 250 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിക്കുന്ന മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിട്ടത്. ‘500-ല്‍ അധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും. 150 കോടി ചെലവഴിച്ചാകും ഐ.ടി ടവര്‍ നിര്‍മ്മിക്കുക. കശ്മീരില്‍ വികസനം കൊണ്ടുവരുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഷോപ്പിങ് മാള്‍ കശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കും. ജീവിത നിലവാരം മെച്ചപ്പെടുത്തും’- അദ്ദേഹം പറഞ്ഞു.

