പ്രതിപക്ഷ ബഹളം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് സഭ വെട്ടിച്ചുരുക്കിയത്. മാർച്ച് 30 വരെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് സഭ നേരത്തെ പിരിഞ്ഞത്.

ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ സഭയുടെ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണം, അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ ഒട്ടും വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. അനുരജ്ഞന ചർച്ചക്ക് തയ്യാറാകാതെ ഭരണപക്ഷം നിലപാടെടുത്തതോടെ സഭയിൽ പ്രതിപക്ഷം സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. എന്നാൽ, സത്യാഗ്രഹത്തെ വകവെയ്ക്കാതെ ചോദ്യോത്തരവേള തുടർന്നു.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിലായിരുന്നു ഇന്ന് പ്രതിപക്ഷം അടിയന്തരപ പ്രമേയ നോട്ടീസ് നൽകിയത്. എനവ്‌നാൽ, സഭ തീരാൻ 5 മിനുട്ട് ശേഷിക്കെ ചോദ്യോത്തരവേള റദ്ദാക്കി. ഇന്നും അടിയന്തിരപ്രമേയ നോട്ടീസ് ഒഴിവാക്കി. സഭ തുടരണമെന്ന കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്ത് സമ്മേളനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് ധനവിനിയോഗബില്ലുകളടക്കം അതിവേഗം പാസാക്കി നിയമസഭ വേഗത്തിൽ പിരിയുകയായിരുന്നു.

ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ ഈ സമ്മേളനത്തിൽ സഭ ആകെ 8 ബില്ലുകൾ പാസ്സാക്കി. സഭ പാസ്സാക്കിയ പ്രധാന ബില്ലുകളിൽ ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ്) അമെന്റ്‌മെന്റ്ബിൽ, 2022-ലെ കേരള പഞ്ചായത്ത് രാജ് ബിൽ, 2022-ലെ കേരള മുനിസിപ്പിലാറ്റി ബിൽ, 2021-ലെ കേരള പൊതുജനാരോഗ്യ ബിൽ എന്നിവ ഉൾപ്പെടുന്നു.