ഇന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേർതിരിവില്ല; അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യവും സംസ്‌കാരവും ഉയർത്തിപിടിക്കുന്ന സിനിമകൾ എല്ലാവരും ഹൃദയം കൊണ്ട് അംഗീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേർതിരിവില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.ആർ.ആറിന് ഓസ്‌കാർ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

താൻ സിനിമകൾ അഭിനിവേശത്തോടെ കാണാറുണ്ട്. ദക്ഷിണേന്ത്യയിലും നല്ല സിനിമകൾ ഒരുപാട് പുറത്തിറങ്ങുന്നുണ്ട്. ഈയൊരു ട്രെൻഡ് താൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആർക്ക് ഓസ്‌കാർ ലഭിച്ചാലും അത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സംസ്‌കാരം പറയുന്ന സിനിമകൾക്ക് ഇപ്പോൾ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ബോളിവുഡിൽ ഇന്ത്യൻ പാരമ്പര്യമുള്ള സിനിമകൾ കുറവാണോയെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു സിനിമ വ്യവസായത്തെ കുറിച്ച് സംസാരിക്കാനല്ല താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി.