ഫിഫ തലവനായി വീണ്ടും ജിയാനി

കിഗാലി: അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ തലപ്പത്ത് തുടര്‍ച്ചയായി മൂന്നാം തവണയും ജിയാനി ഇന്‍ഫാന്റിനോ. എതിരില്ലാതെയാണ് ജിയാനിയെ വീണ്ടും ഫിഫ അധ്യക്ഷനായി തെരഞ്ഞെടുത്തത്. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73-ാം ഫിഫ കോണ്‍ഗ്രസിലാണ് പ്രഖ്യാപനം.

2016ലാണ് സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. 2019ല്‍ അദ്ദേഹം വീണ്ടും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് വരെ ജിയാനി സ്ഥാനത്ത് തുടരും.

ഫിഫയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് കുറിക്കുമെന്നാണ് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ജിയാനി നടത്തിയ പ്രഖ്യാപനം. ‘ഇതു വലിയ അംഗീകാരവും ബഹുമതിയുമാണ്. വലിയ ഉത്തരവാദിത്തം കൂടിയാണത്. എന്നെ വെറുക്കുന്ന ഒരുപാടുപേരുണ്ടെന്ന് അറിയാം. അവര്‍ക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കുമെല്ലാം എന്റെ സ്നേഹം.’-ജിയാനി ഇന്‍ഫാന്റിനോ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.