കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. തളിപ്പറമ്പ് പോലീസാണ് സ്വപ്‌നക്കെതിരെ കേസെടുത്തത്. സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷാണ് സ്വപ്‌നക്കെതിരെ പരാതി നൽകിയത്. വിജേഷ് പിള്ളയ്ക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗൂഢാലോചന, കലാപശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പാർട്ടി നേതാക്കൾക്കെതിരേ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പോലീസിൽ പരാതി നൽകിയത്. പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നുവെന്നും സി.പി.എം. നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

