മാലിന്യനിർമ്മാർജ്ജനം; കേരളത്തിന് കിട്ടിയ ഫണ്ട് എന്ത് ചെയ്തെന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

കൊച്ചി: മാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകബാങ്ക് 2021 ൽ 105 മില്യൺ ഡോളറിന്റെ സഹായം കേരളത്തിന് പ്രഖ്യാപിച്ചിരുന്നുവെന്ന് തൃപ്പൂണിത്തുറയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരും വലിയ തുകയാണ് ശുചീകരണത്തിന് സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാൽ സംസ്ഥാനത്ത് ഇതെല്ലാം അടിച്ചുമാറ്റപ്പെട്ടു. കഴിഞ്ഞ ഏഴു വർഷത്തിനിടെ എത്ര തുക സംസ്ഥാനത്തിന് മാലിന്യ നിർമാർജ്ജനത്തിന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജന പ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുമായി കരാറുകാർ വിദേശത്ത് ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാർ കൊടുത്തത്. അതിന് ശേഷമാണ് കേരളത്തിലെ കോർപ്പറേഷനുകളിൽ ഈ കമ്പനിക്ക് കരാർ ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്താണ് ഡീൽ നടന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

എറണാകുളത്തെ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളാണ് മാലിന്യ നിർമാർജ്ജന കരാർ ഏറ്റെടുത്ത് നടത്തുന്നത്. യുഡിഎഫ് നേതാക്കൾക്കും പങ്ക് കിട്ടുന്നുണ്ട്. യുഡിഎഫും എൽഡിഎഫും നിയമസഭയിൽ കയ്യാങ്കളി നടത്തി വിഷയം മാറ്റുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഷാഡോ ബോക്‌സിംഗാണിത്. നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പ്രതികളെ രക്ഷിക്കാൻ മാത്രമാണ്. തീ അണഞ്ഞെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെട്ടണം. സർക്കാരിന്റെ കള്ളക്കളി പുറത്തെത്തിക്കും വരെ ബിജെപി സമരം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.സജി, വികെ ഭസിത് കുമാർ, മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ എന്നിവർ പങ്കെടുത്തു.