ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് 70,000 കോടി രൂപയുടെ ആയുധങ്ങളും ഹെലികോപ്ടറുകളും വാങ്ങുന്നതിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം. നാവികസേനക്കായി 60 യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, മറൈൻ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, കരസേനക്കായി 307 എ.ടി.എ.ജി.എസ് ഹോവിറ്റ്‌സർ, 9 എ.എൽ.എച്ച് ധ്രുവ് ഹെലികോപ്ടറുകൾ എന്നിവയാണ് പ്രതിരോധ മന്ത്രാലയം വാങ്ങുന്നത്.
എച്ച്.എ.എല്ലിൽ നിന്ന് 32,000 കോടി രൂപയുടെ 60 യു.എച്ച് മറൈൻ ഹെലികോപ്ടറുകൾ ഇന്ത്യൻ നാവികസേനയ്ക്ക് വാങ്ങുന്നതും കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്തത് ഇന്ത്യയാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2018 മുതൽ 2022 വരെയുള്ള കാലയളവിലായിരുന്നു ഇത്.
റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാർ. എന്നാൽ, റഷ്യയുടെ ആയുധ ഇറക്കുമതി അളവ് 2018-2022 കാലയളവിൽ ഗണ്യമായി കുറഞ്ഞിരുന്നു.

