‘ദയവായി ഇന്ത്യയുടെ ഓസ്‌കര്‍ നേട്ടത്തിന്റെ ക്രെഡിറ്റ് എടുക്കരുത്’; ബിജെപിയോട് ഖര്‍ഗെ

ന്യൂഡല്‍ഹി: ‘ദയവായി ഇന്ത്യയുടെ ഓസ്‌കര്‍ നേട്ടത്തിന്റെ ക്രെഡിറ്റ് എടുക്കരുത്’ എന്ന് ബിജെപിയോട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഓസ്‌കറില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഈ നേട്ടം ഇന്ത്യക്ക് അഭിമാനകരമാണെന്നും പറഞ്ഞു.

‘ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു. പക്ഷേ എന്റെ ഒരേയൊരു അഭ്യര്‍ഥന ഭരണകക്ഷി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. ഞങ്ങള്‍ സംവിധാനം ചെയ്തു, ഞങ്ങള്‍ പാട്ടെഴുതി, സിനിമ മോദിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യര്‍ഥന’- അദ്ദേഹം വ്യക്തമാക്കി.

‘ആര്‍ആര്‍ആര്‍’ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലും ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) വിഭാഗത്തിലുമാണ് ഓസ്‌കര്‍ പുരസ്‌കാരം നേടിയത്.