ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ പ്രയത്‌നിച്ച അഗ്നിശമന സേനയ്ക്ക് അഭിനന്ദനങ്ങൾ; പ്രശംസയുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീ അണയ്ക്കാൻ പ്രയത്‌നിച്ച അഗ്നിശമന സേനയ്ക്ക് അഭിനന്ദനവുമായി ഹൈക്കോടതി. തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് ഹൈക്കോടതി അഭിനന്ദിച്ചത്. തീകെടുത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായതിനാൽ, ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയിൽ വിശദമാക്കി. ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷനോട് നിർദ്ദേശിക്കുകയും ചെയ്തു. മാലിന്യസംസ്‌കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല. മാലിന്യ സംസ്‌കരണത്തിൽ ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങൾ ഈ രീതിയിലെത്താൻ കാരണമായിത്തീർന്നതെന്ന് കോചതി ചൂണ്ടിക്കാട്ടി.

മാലിന്യ സംസ്‌കരണ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും. മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ബ്രഹ്മപുരത്തെ വായുവിന്റെ നിലവാരവും മെച്ചപ്പെട്ടുവെന്ന് ജില്ലാ കളക്ടർ വിശദീകരിച്ചു. ബ്രഹ്മപുരത്ത് തീയണച്ചെങ്കിലും ജാഗ്രത തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.