സ്വപ്നാ സുരേഷിന്റെ പരാതി: വിജേഷ് പിള്ളക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

ബംഗളൂരു: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടപടിയുമായി പോലീസ്. കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കെ ആർ പുരം പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കെ ആർ പുരം സ്റ്റേഷനിൽ ഹാജരാകണമെന്നാണ് വിജേഷ് പിള്ളയോട് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. സുറി ഹോട്ടലിൽ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യമാണ് സ്വപ്‌ന മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും കേസ് മുന്നോട്ട് പോകുന്നത്.

വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് നേരത്തേ സ്വപ്ന പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ വെളിപ്പെടുത്തിയിരുന്നത്.