ന്യൂഡൽഹി: ആലപ്പുഴ പാണാവള്ളിയിൽ അനധികൃതമായി നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ച് സുപ്രീം കോടതി. ഈ ഹർജി കേൾക്കാതിരിക്കുന്നതാണ് ശരിയെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ വ്യക്തമാക്കി.
ജനസമ്പർക്ക സമിതിയെന്ന സംഘടനയാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നത്. റിസോർട്ട് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി ഹർജി സമർപ്പിച്ചത്. അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ട് പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ ഇന്ന് കേൾക്കാമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് നേതൃത്വം നൽകിയ ബെഞ്ച് അറിയിച്ചിരുന്നു.
ജസ്റ്റിസ് അനിരുദ്ധ ബോസ് ഇന്ന് അവധി ആയതിനാൽ ജസ്റ്റിസ് സി.ടി. രവികുമാർ, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരുന്നത്. താൻ ഈ ഹർജി കേൾക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് രവികുമാർ ഹർജി പരിഗണനയ്‌ക്കെടുത്തപ്പോൾ തന്നെ അറിയിക്കുകയായിരുന്നു.

