അമ്പത് സെന്റ് വരെ വനഭൂമിയില്‍ ഇളവ്; നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ ധാരണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഇളവ് നല്‍കി സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ വനം, റവന്യു, നിയമ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. കര്‍ഷകര്‍ നല്‍കുന്ന കൈവശാവകാശ രേഖകള്‍ തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍ അനുവദിക്കും.

ചെറുകിട കര്‍ഷകര്‍ക്കുള്‍പ്പെടെ ആര്‍ക്കും ഒരിളവും പാടില്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. പിന്നീട് 25 സെന്റ് വരെയുള്ള കര്‍ഷകര്‍ക്ക് ഇളവാകാമെന്നായി. എന്നാല്‍, 50 സെന്റ് വരെയെങ്കിലും ഇളവനുവദിക്കണമെന്ന കര്‍ശന നിലപാടാണ് റവന്യു വകുപ്പ് സ്വീകരിച്ചത്. കര്‍ഷകര്‍ ഹാജരാക്കുന്ന രേഖ തര്‍ക്കമറ്റ തെളിവായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ബലത്തില്‍ പുതിയ ഭേദഗതി ബില്ലിലും അങ്ങനെ തന്നെ വേണമെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. ഇല്ലെങ്കില്‍ ‘പരിഗണിക്കാവുന്ന തെളിവാ’യിട്ടെങ്കിലും ഉള്‍പ്പെടുത്തണമെന്നും വാദിച്ചു. ഇത് വനം മന്ത്രി അംഗീകരിച്ചു.

അതേസമയം, നേരത്തേ എതിര്‍പ്പുയര്‍ത്തിയിരുന്ന വനം വകുപ്പ് ഇന്നലെ നിലപാട് മയപ്പെടുത്തിയതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കും.