ലണ്ടന്‍: ഇംഗ്ലീഷ് ചാനല്‍ വഴി 683 ഇന്ത്യക്കാര്‍ അനധികൃതമായി കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാനും പാര്‍ലമെന്റില്‍ ‘ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്‍’ അവതരിപ്പിച്ചതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്. 40 വയസ്സിന് താഴെയുള്ള യുവാക്കളാണ് കുടിയേറിയവരില്‍ ഭൂരിഭാഗവും.
അതേസമയം, ഫ്രാന്‍സില്‍ നിന്നും ചെറുബോട്ടുകള്‍ വഴിയാണ് അനധികൃതമായി ആളുകള്‍ ബ്രിട്ടിനിലെത്തിയത്. ഇങ്ങനെ അനധികൃത കുടിയേറ്റം തടയാനും ഒരാള്‍ക്ക് 3000 പൗണ്ട് വരെ പിഴ ഈടാക്കി മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് തടയിടാനുമാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ അനധികൃതമായി ഇന്ത്യക്കാര്‍ കടക്കുന്നത് ആദ്യമായി കണ്ടെത്തിയത് 2020 ലാണ്. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍.
അനധികൃതമായി കുടിയേറുന്നവരെ നാടുകടത്താന്‍ നിര്‍ദേശിക്കുന്നതാണ് ‘ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്‍’. ഇത്തരക്കാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും വരും.

