ആ ‘കാര്‍പെന്റേഴ്‌സ്’ അല്ല ഇത്; കീരവാണി പറഞ്ഞവര്‍ ദേ ഇവരാണ്‌

കാര്‍പെന്റേഴ്‌സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോള്‍ ഓസ്‌കറിനൊപ്പം ഈ വേദിയില്‍ നില്‍ക്കുന്നുവെന്നുമാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ കീരവാണി പറഞ്ഞത്. എന്നാല്‍, ചില മലയാള മാധ്യമങ്ങളാകട്ടെ കീരവാണിയുടെ പ്രസംഗത്തിന്റെ തര്‍ജ്ജമ ചെയ്തത് ‘ആശാരിമാരെ കേട്ടാണ് താന്‍ വളര്‍ന്നത്, മരത്തില്‍ കൊത്തുപണികള്‍ നടത്തുന്നവരുടെ തട്ടും മുട്ടും കേട്ട് അതില്‍ താളം പിടിച്ചിരുന്നു’- എന്നിങ്ങനെയായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായി.

എന്നാല്‍, കീരവാണി പറഞ്ഞ കാര്‍പെന്റേഴ്‌സ് ആശാരിപ്പണിക്കാരല്ല. കാര്‍പെന്റേഴ്സ് എന്നത് അമേരിക്കയില്‍ ഒരുകാലത്ത് വമ്ബന്‍ തരംഗമുണ്ടാക്കിയ ബാന്‍ഡ് സംഘമാണ.് അറുപതുകളിലും എഴുപതുകളിലും ലോകമെമ്ബാടുമുള്ള യുവാക്കളെ ഹരംകൊള്ളിച്ച അമേരിക്കന്‍ പോപ്പ് ബാന്‍ഡ് സംഘം. സഹോദരങ്ങളായ കരേന്‍, റിച്ചാര്‍ഡ് കാര്‍പെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘കാര്‍പെന്റേഴ്സ് രൂപീകരിച്ചത്. 1968-ല്‍ ഡൗണിയില്‍ ആണ് ബാന്‍ഡ് രൂപം കൊണ്ടത്. വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കല്‍ ശൈലിയാണ് കാര്‍പെന്റേഴ്‌സിന്റേത്. 14 വര്‍ഷത്തെ കരിയറില്‍ 10 ആല്‍ബങ്ങളും നിരവധി സിംഗിള്‍സും നിരവധി ടെലിവിഷന്‍ സ്പെഷ്യലുകളും റെക്കോര്‍ഡ് ചെയ്തു. ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട്ട് യു, ഓണ്‍ലി യെസ്റ്റര്‍ഡേ, ടച്ച് മി വെന്‍ യു ആര്‍ ഡാന്‍സിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോര്‍ വാട്ട് അയാം, ക്ലോസ് ടു യു.തുടങ്ങിയ പാട്ടുകളാണ് കാര്‍പെന്റേഴ്‌സിന്റെ ഹിറ്റായ ഗാനങ്ങള്‍.

1983-ല്‍ കരേന്‍ അകാലത്തില്‍ വിടപറഞ്ഞതോടെയാണ് കാര്‍പെന്റേഴ്സ് ബാന്‍ഡിന്റെ ശബ്ദവും നിലച്ചുപോയത്. ഈ കാര്‍പെന്റേഴ്സ് ബാന്‍ഡിന്റെ ഗാനങ്ങള്‍ കേട്ട് വളര്‍ന്നതിനെക്കുറിച്ചാണ് ഓസ്‌കര്‍ വേദിയില്‍ കീരവാണി പ്രസംഗിച്ചത്.