അനുനയനീക്കവുമായി കോണ്‍ഗ്രസ്; കെ. സുധാകരനെയും എം.പിമാരെയും ചര്‍ച്ചക്ക് വിളിച്ച് കെ. സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി ദേശീയ നേതൃത്വം. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം കെ. സുധാകരനെയും എം പിമാരെയും കെ. സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു.

അതേസമയം, നേതൃത്വത്തിനെതിരായ പരസ്യവിമര്‍ശനത്തില്‍ എം.കെ. രാഘവനും കെ.മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്‌നം രൂക്ഷമാവാന്‍ കാരണം. മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ നേതൃത്വത്തിന് കൂടുതല്‍ തലവേദനയായി.

പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. നേതാക്കള്‍ക്ക് ഇരുവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും കെപിസിസി നേതൃത്വം അവസരം നല്‍കിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.